ഖത്തര്‍ ഫിഫ ലോകകപ്പ് മത്സരത്തില്‍ മോറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. തോല്‍വിയില്‍ പ്രകോപിതരായ കലാപകാരികള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതിന് പിന്നാലെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിലും പ്രയോഗിച്ചു.
‘മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസൻ കണക്കിന് ആളുകൾ പോലീസുമായി ഏറ്റുമുട്ടി. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയർത്തി’- പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ആരാധകരുടെ ആക്രമണത്തിൽ ഒരു മാധ്യമ പ്രവർത്തകന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കലാപകാരികള്‍ പടക്കം പൊട്ടിച്ച് പ്രതിഷേധിക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. പ്രക്ഷോഭത്തെ തുടർന്ന് ബ്രസൽസിൽ മെട്രോ സ്റ്റേഷൻ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
‘ ആരാധകരുടെ ആക്രമണങ്ങളിൽ ഞാൻ ശക്തമായി അപലപിക്കുന്നു. പോലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ പോലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.’ – ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് ട്വീറ്റ് ചെയ്തു.
ഗ്രൂപ്പ് ഇ മത്സരത്തിൽ മൊറോക്കോ 2-0 ത്തിന് ബെൽജിയത്തെ പരാജയപ്പെടുത്തിയിരുന്നു. 73–ാം മിനിട്ടിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു.