മെക്സിക്കന്‍ ബോക്സര്‍ക്കെതിരെ മൈക്ക് ടൈസണെ കളത്തിലിറക്കി മെസി ഫാന്‍സ്

ന്യൂയോര്‍ക്ക്: അര്‍ജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി ആരാധകര്‍. മുന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിനെ വെച്ചാണ് ആരാധകര്‍ കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയത്. ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന മെക്സിക്കോയെ 2-0 ന് തോൽപിച്ചിരുന്നു.

മത്സര ശേഷം, മെക്സിക്കൻ പതാകയോ ജഴ്‌സിയോ അര്‍ജന്‍റീനയുടെ ഡ്രസിംഗ് റൂമിന്‍റെ നിലത്തിട്ട രീതിയിലിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത് മെസി കാലുകൊണ്ട് സ്പര്‍ശിക്കുന്നതും കാണാമായിരുന്നു. ഇതോടെയാണ് മെക്സിക്കോ ബോക്സിംഗ് താരം കനേലോ അൽവാരസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘ഞങ്ങളുടെ ജേഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? എന്നെ നേരിട്ട് കാണാന്‍ ഇടവരരുതെന്ന് അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ’. ഇത് വലിയ വിവാദം ആയതോടെയാണ് മെസിക്ക് പിന്തുണയുമായി നിരവധിപ്പേര്‍ ഇതിനകം രംഗത്തെത്തിയത്. എന്നാല്‍, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അടിയിലാണ് മൈക്ക് ടൈസണ്‍ കനേലോ അൽവാരസിന് മറുപടി നല്‍കും എന്ന രീതിയില്‍ മെസി ആരാധകര്‍ പ്രതികരിക്കുന്നത്. വിവാദമായ സംഭവത്തില്‍ മെസിയോ ടൈസണോ ഔദ്യോഗികമായി ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല.

മൈക്ക് ടൈസൺ ഒരു അർജന്റീന ഫുട്ബോൾ ആരാധകനാണെന്ന് അഭ്യൂഹം ശക്തമാണ്. 2005-ൽ ടൈസണ്‍ ഒരു പത്രപ്രവർത്തകന്റെ ക്യാമറ അടിച്ച് തകർത്ത കേസില്‍ കോടതിയില്‍ ഹാജറായപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അർജന്റീന ഫുട്ബോൾ ജേഴ്സി ധരിച്ചാണ് ടൈസണ്‍ എത്തിയത്. അന്ന് അത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അത് വച്ചാണ് അര്‍ജന്‍റീനന്‍ ആരാധകരുടെ മെക്സിക്കന്‍ ബോക്സര്‍ക്കുള്ള മറുപടി.