നമുക്ക് എങ്ങനെയാണോ പശ്ചിമ ബംഗാളുകാരൻ, അതുപോലെയാണ് അറബിക്ക് നമ്മളുമെന്ന് സന്തോഷ് ജോർജ് കുളങ്ങര. മലയാളി പുറത്ത് പോയി ജോലി ചെയ്യുകയും, അവരുടെ മാനവ വിഭവ ശേഷിയായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന അവതാരകന്റെ പരാമർശത്തോടായിരുന്നു സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രതികരണം. ട്വന്റിഫോറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ‘മാറുന്ന കാലം, മാറേണ്ട മലയാളി’ എന്ന വിഷയത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി അവതാരകനും ട്വന്റിഫോർ എക്‌സിക്യൂട്ടിവ് പ്രസന്ററുമായ വേണു ബാലകൃഷ്ണൻ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശംചോദ്യം : ഗൾഫ് മേഖലയിൽ വിദ്യാസമ്പന്നരില്ല. അതുകൊണ്ട് വിദ്യാസമ്പന്നരായ മലയാളികൾ അവിടെ പോയി ജോലി ചെയ്യുന്നു. അതുകൊണ്ട് നമ്മൾ ഇതരസംസ്ഥാന തൊഴിലാളികളെ കാണുന്നത് പോലെയാണോ സായ്‌പ്പോ അറബിയോ നമ്മളെ കാണുന്നത് എന്ന് പറയുന്നത് ശരിയാണോ ?
ഉത്തരം : ‘വളരെ ശരിയാണ്. അവന്റെ വിദ്യാഭ്യാസമല്ല അവിടെ പ്രശ്‌നം. ഒരു വിദ്യാഭ്യാസവുമില്ലാത്ത എനിക്ക് വേണ്ടിയാണ് നീ വന്ന് പണിയെടുക്കുന്നത്. അതാണ് അറബി കാണുന്നത്. കഴിഞ്ഞ വർഷം കേരളത്തിലെ സർവകലാശാലകളിലെല്ലാം ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി പടിഞ്ഞാറേക്ക് ഒഴുകുകയാണ്. 30-40% സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യം വിട്ട് പോയ കുട്ടികൾ പഠിച്ച് ഗവേഷണം ചെയ്യുകയാണോ ? അന്വേഷിക്കണം. അവർ അവിടെ ബിരുദത്തിന് ചേർന്ന് ഒപ്പം അവിടെ ജോലി ചെയ്യുകയാണ്. വിദ്യാഭ്യാസം അവിടെ പേരിന് മാത്രമാണ് നടക്കുന്നത്.
ജോർജിയ, അർമേനിയ, ഖസാകിസ്താൻ ഇവിടെയൊക്കെ സഞ്ചരിച്ചാൽ നാം കാണുന്നത് ഒരു ഗ്രാമത്തിലെ 50% വീടുകളും മേൽകൂര തകർന്ന നിലയിൽ കിടക്കുന്നതാണ്. കാരണം അന്വേഷിച്ചപ്പോൾ ഗ്രാമവാസികൾ പറഞ്ഞത് അവരെല്ലാം കുടിയേറി എന്നാണ്. ആദ്യം മക്കൾ പോകും, പിന്നാലെ അച്ഛനമ്മമാരും. പിന്നെ നാട്ടിലേക്ക് ഇവർ എന്തിന് പണം അയക്കണം ? ഇതിലൂടെ ഇവിടുത്തെ സാമ്പത്തിക രംഗം തകരുകയല്ലേ ? നമ്മുടെ നാട്ടിലും സമാന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. നമ്മുടെ വലിയ ജനസംഖ്യ പോകുന്നതിനൊപ്പം, പണവും പോവുകയാണ്’.