പാളത്തിൽ കാട്ടാനക്കൂട്ടം, ഇരച്ചെത്തി ട്രെയിൻ; രക്ഷകരായി ലോക്കോ പൈലറ്റുമാർ

കൊൽക്കത്ത ∙ ലോക്കോ പൈലറ്റുമാരുടെ സമയോചിത ഇടപെടലിൽ മൂന്ന് കാട്ടാനകളുടെ ജീവൻ രക്ഷിച്ചു. പശ്ചിമ ബംഗാളിലെ രാജ്ഭട്ഖാവ സ്റ്റേഷന് സമീപം വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. ആനക്കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിവേ​ഗത്തിൽ ട്രെയിൻ എത്തിയത്. ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.ആനക്കൂട്ടം മടങ്ങിയതിനു ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. എൽ.കെ.ഝാ, അരിന്ദം ബിശ്വാസ് എന്നിവരായിരുന്നു ലോക്കോ പൈലറ്റുമാർ. ആനകൾ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തി.