‘ബിജെപിക്കാർ ആക്രമിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി കാട്ടിലൂടെ ഓടി’ ​ഗുജറാത്തിൽ കാണാതായ കോൺ​ഗ്രസ് എംഎൽഎയുടെ വാദം

ഗാന്ധിന​ഗർ: ബിജെപി സ്ഥാനാർത്ഥിയുടെ ആക്രമണത്തെ ഭയന്ന് താൻ ഒളിവിൽ പോയതാണെന്ന വാദവുമായി ഗുജറാത്തിൽ കാണാതായ കോൺ​ഗ്രസ് എംഎൽഎ രം​ഗത്ത്. വടക്കൻ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദണ്ഡ മണ്ഡലത്തിലെ കോൺ​ഗ്രസ് സിറ്റിം​ഗ് എംഎൽഎ കാന്തി ഖരാഡിയെ കാണാനില്ലെന്ന് കോൺ​ഗ്രസ് പരാതിയുയർത്തിയിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ലധു പർ​ഗിയും ബിജെപി പ്രവർത്തകരും തന്നെ ആക്രമിച്ചുവെന്ന് കാന്തി ഖരാഡി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു.

‘ഞാൻ എന്റെ വോട്ടർമാരുടെ അടുത്തേക്ക് പോവുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥി ലധു പർഗി, എൽ കെ ബറാദ്, അയാളുടെ സഹോദരൻ വദൻ ജി എന്നിവരും ഞങ്ങളെ ആക്രമിച്ചവരിൽ ഉൾപ്പെടും. വാളുകളുമായി വന്ന് എന്നെ ആക്രമിക്കാൻ ശ്രമിച്ചു,’ എഎൻഐയോട് സംസാരിക്കവെ കാന്തി ഖരാഡി പറഞ്ഞു. തങ്ങളുടെ വാഹനങ്ങൾ കടന്നുപോകവെ ബിജെപി സ്ഥാനാർത്ഥി തടഞ്ഞു നിർത്തി. പ്രകോപനത്തിന് നിൽക്കാതെ തങ്ങൾ മടങ്ങാൻ തീരുമാനിച്ചു. എന്നാൽ കൂടുതൽ ആളുകൾ വന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു.

ആക്രമം കൂടിയതോടെ അവിടുന്ന് രക്ഷപ്പെടാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും എംഎൽഎ പറയുന്നു. ‘തിരിച്ചുപോവാൻ ശ്രമിച്ച തന്നേയും സംഘത്തേയും ബിജെപി സ്ഥാനാർത്ഥിയും സംഘവും പിന്തുടർന്നു. വാളുകളുമായി വന്ന അവരിൽ നിന്ന് രക്ഷപ്പെടാൻ കാറിൽ നിന്ന് ഇറങ്ങി രണ്ടു കിലോമീറ്റർ കാട്ടിലൂടെ ഓടേണ്ടി വന്നു. പത്ത് പതിനഞ്ച് കിലോമീറ്റർ ഓടിയിട്ടുണ്ടാകാം,’ കാന്തി ഖരാഡി പറഞ്ഞു. കാന്തി ഖരാഡിയെ ബിജെപി ​ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചുവെന്നും അദ്ദേഹത്തെ കാണാനില്ലെന്നും പറഞ്ഞ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎയെ കാണാനില്ലെന്ന പരാതി ഉയർന്നത്.