കൊറോണ വൈറസ് മനുഷ്യനിർമ്മിതം, വുഹാനിലെ ലാബിൽ നിന്ന് ചോർന്നു, യുഎസും കുറ്റക്കാർ: വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് പിന്നിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുണ്ടെന്ന് വെളിപ്പെടുത്തൽ. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫാണ് കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്ന് വ്യക്തമാക്കുന്നത്. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ​ഗവേഷകനാണ് ആൻഡ്രൂ ഹഫ്. വൈറസ് അബദ്ധത്തിലാണ് പുറത്തുപോയതെന്നും ​ഗവേഷകൻ പറയുന്നു.

മനുഷ്യനിർമിതമായ കൊറോണ വൈറസ് രണ്ടു വർഷം മുൻപ് വുഹാൻ ലാബിൽനിന്ന് അബദ്ധത്തിൽ പുറത്തു പോയതാണെന്നാണു ‘ദ് ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ സാംക്രമികരോഗ ഗവേഷകനായ ആൻഡ്രൂ ഹഫിന്റെ അവകാശവാദം. ന്യൂയോർക്ക് ആസ്ഥാനമായ ലാഭരഹിത സംഘടന ഇക്കോഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു ഹഫ്. വുഹാൻ ലാബിൽ മതിയായ സുരക്ഷയൊരുക്കാതെ ചൈന നടത്തിയ പരീക്ഷണങ്ങളാണു കോവിഡിനു കാരണമെന്നു ഹഫ് പറയുന്നു.

കോവിഡ് ലോകമാകെ പടർന്നതോടെയാണു വുഹാൻ ലാബ് സംശയനിഴലിലായത്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വുഹാൻ ലാബിനെതിരെ രംഗത്തെത്തിയെങ്കിലും ചൈന അതെല്ലാം നിഷേധിച്ചിരുന്നു. ‘‘വിദേശങ്ങളിലെ ലാബുകളിൽ മിക്കതിനും മതിയായ നിയന്ത്രണ സംവിധാനങ്ങളില്ല. സുരക്ഷാ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാത്തതാണു വുഹാൻ ലാബിൽനിന്നു വൈറസ് ചോർച്ചയുണ്ടാക്കിയത്’’– ആൻഡ്രൂ ഹഫ് പുസ്തകത്തിൽ ആരോപിച്ചു.

‘‘ആദ്യദിനം മുതൽ ഇക്കാര്യം ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്നോളജി ചൈനയ്ക്കു കൈമാറിയതിൽ യുഎസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങൾ എന്നെ ഭയപ്പെടുത്തി’’– ദ് സണിനു നൽകിയ അഭിമുഖത്തിൽ ആൻഡ്രൂ ഹഫ് പറഞ്ഞു. വുഹാൻ ലാബിലെ വൈറസ് ചോർച്ചയെന്നതു കെട്ടിച്ചമച്ച കഥയാണെന്നാണു ചൈനയുടെ നിലപാട്.