ന്യൂഡൽഹി∙ ബിജെപിയെ തോൽപിച്ച് ഹിമാചൽ പ്രദേശിൽ ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ്, മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഷിംലയിലെ റാഡിസൺ ഹോട്ടലിൽ വൈകിട്ട് മൂന്നിനാണ് ജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ല, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ മേൽനോട്ട ചുമതല. പാർട്ടി പ്രചാരണ കമ്മിറ്റി അധ്യക്ഷനും ദീർഘകാലം പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന സുഖ്‍വിന്ദർ സിങ് സുഖു, പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.കഴിഞ്ഞ ദിവസം, എംഎൽഎമാരെ ബിജെപി സ്വീധിക്കുമെന്ന ഭയത്തിൽ, ജയിച്ച എല്ലാ എംഎൽഎമാരോടും ഛണ്ഡിഗഡിലെത്താൻ നിർദേശിച്ചിരുന്നു. എംഎൽഎമാരെ ആദ്യം രാജസ്ഥാനിലെ ജയ്പുരിലെത്തിക്കാനാണ് തീരുമാനിച്ചതെങ്കിലും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ കടന്നു പോകുന്നതിനാൽ സംരക്ഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന ഘടകം അറിയിച്ചതിനെ തുടർന്ന് ഛണ്ഡിഗഡിലേക്ക് മാറ്റുകയായിരുന്നു.