സിൽവർ ലൈൻ: ആശങ്കയൊഴിയാതെ ജനം; തുടർപ്രക്ഷോഭത്തിന് സമരസമിതി

പത്തനംതിട്ട∙ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ വ്യക്തമായതോടെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ആശങ്കയില്‍. പദ്ധതി വരുമോ ഇല്ലയോ എന്നു മാത്രമല്ല, ഭൂമി ഈടുവച്ച് വായ്പയെടുക്കാനും ക്രയവിക്രയത്തിനും തടസമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കും ഇവര്‍ വിശ്വസിക്കുന്നില്ല. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രാനുമതി ലഭിക്കുംവരെ പിന്‍വലിച്ചെന്നതിന്റെ പേരില്‍ പദ്ധതി തന്നെ ഉപേക്ഷിച്ചെന്ന പ്രചാരണം വന്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി തുടര്‍പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

കേന്ദ്രം അനുമതി നല്‍കിയാലും, മുഖ്യമന്ത്രി പറഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പദ്ധതി പ്രദേശത്തെ ജനങ്ങള്‍. വായ്പയും സ്ഥലം വാങ്ങലും വില്‍ക്കലും തടസമില്ലാതെ നടക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കാണെന്ന് ചെങ്ങന്നൂരിലെ ജനങ്ങൾ പറയുന്നു. ചങ്ങനാശേരി മാടപ്പള്ളിക്കും മുന്‍പേ തീവ്രമായ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം നടന്ന മേഖലയാണ് ചെങ്ങന്നൂര്‍. തീവ്രവാദബന്ധമെന്നും ആക്രമണത്തിനു പരിശീലനം കിട്ടിയെന്നും മുന്‍മന്ത്രി സജിചെറിയാന്‍ ആരോപിച്ചത് ഈ നാട്ടിലെ സമരക്കാര്‍ക്കെതിരെയാണ്. മന്ത്രിക്കായി അലൈന്‍മെന്‍റ് മാറ്റിയെന്ന് ആരോപിക്കപ്പെട്ടതും അന്ന് മന്ത്രിയായിരുന്ന സജിചെറിയാന്‍ നേരിട്ടെത്തി പിഴുതെഴിഞ്ഞ കല്ല് പുനസ്ഥാപിക്കുകയും ചെയ്ത സ്ഥലം. ഇന്നും സമരവീര്യത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കല്ലിട്ടത് ആരേയും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് നുണയാണെന്നും വരും തലമുറയേക്കൂടി ഇരുട്ടിലേക്കാണ് പദ്ധതി വീഴ്ത്തിയതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കെ റയില്‍ വേണ്ട കേരളം മതിയെന്ന് മുദ്രാവാക്യം വീണ്ടും മുഴങ്ങുമെന്നും കൊഴുവല്ലൂരിലെ നാട്ടുകാര്‍ ആവര്‍ത്തിച്ചു പറയുന്നു.

ഒരടി മുന്നോട്ടല്ലാതെ പുറകോട്ടില്ലെന്ന് മാടപ്പള്ളിയിലെ സമരനേതാവ് റോസ്‌ലിൻ പറഞ്ഞു. കള്ളക്കേസുകൾ പിൻവലിക്കണം. കേന്ദ്രസേന വന്നാലും പിന്തിരിയില്ലെന്നും അവർ പറഞ്ഞു. ജനവിരുദ്ധ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കണ്ണൂർ ചാലയിലെ സമരക്കാർ ആവശ്യപ്പെട്ടു.