പാലക്കാട് ∙ നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ ഞെട്ടലിലാണു നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്.
ആരു വിളിച്ചാലും ഓടിയെത്തും; കള്ളനെയും പിടിക്കും.
പൊലീസിനെ ഓര്‍മിപ്പിച്ചും ജാഫര്‍ അലി സജീവമായി.
രാത്രിയില്‍ കള്ളനെ പിടിക്കാന്‍ കാവലിരിക്കാമെന്നു വരെ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി െപട്ടെന്ന് വീടും വസ്തുവും വാങ്ങിയതും കാറും ആഡംബര ജീവിതം നയിച്ചതുമെല്ലാം പൊലീസിന്റെ സംശയം കൂട്ടി. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ യഥാര്‍ഥ കള്ളനിലേക്കെത്തിയത്. ജാഫര്‍ അലിയുടെ വിരലടയാളം നേരത്തെ കിട്ടിയ തെളിവുകളുടെ കൂട്ടത്തില്‍ യോജിക്കുകയും ചെയ്തു. അങ്ങനെയാണ് കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന് ഉറപ്പിച്ചത്.
അതിഥി തൊഴിലാളികളിലേക്ക് അന്വേഷണം
പല ഘട്ടങ്ങളില്‍ ജാഫര്‍ അലിയോട് കവര്‍ച്ചാ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്ക് പങ്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസിന് സംശയം കൂട്ടുന്ന തരത്തില്‍ പല കാരണങ്ങളും പറഞ്ഞു. ഫോണ്‍വിളി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ഇത് തെളിയിക്കാനായില്ല. ഇത് ജാഫര്‍ അലിയുടെ കൃത്യമായ തന്ത്രമായിരുന്നു. വൈകാതെ ഇക്കാര്യം പൊലീസിന് ബോധ്യപ്പെട്ടു.
ജാഫര്‍ അലിയെ തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ ഇന്നലെയും സഹായിയായി കാര്യങ്ങള്‍ തിരക്കിയവനെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. ആര്‍ക്കും അവിശ്വാസത്തിനുള്ള ഇട കൊടുക്കാത്തതായിരുന്നു ഇയാളുടെ വിജയം. നാട്ടിലെ സഹായി കള്ളനായി മാറിയ കഥ അറിഞ്ഞതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍നിന്ന് കള്ളനെ കാണാന്‍ കൂടുതലാളുകള്‍ പറക്കുന്നത്തേക്ക് എത്തി. ഏറെ നാളായി നാട്ടുകാരെ അലട്ടിയിരുന്ന യഥാര്‍ഥ കള്ളനെ പിടികൂടിയതിലുള്ള ആശ്വാസം പലരും പങ്കുവച്ചു. ഇനി സമാധാനത്തോടെ ഉറങ്ങാമെന്ന് പറഞ്ഞവരും ഏറെ.
പൊലീസുകാര്‍ക്ക് അഭിനന്ദനം
കള്ളനെ പിടികൂടിയ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന് ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു. പറക്കുന്നം മേഖലയില്‍ പലരുടെയും ഉറക്കം കെടുത്തിയ അനുഭവങ്ങള്‍ക്ക് മുന്നില്‍ സ്വന്തം നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞത് പൊലീസ് അറിയിക്കുമ്പോള്‍ മാത്രമായിരുന്നു. പൊലീസിന് പ്രത്യേക ചടങ്ങില്‍ അനുമോദനം നല്‍കുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.