സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലൻസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സബ് രജിസ്ട്രാർക്കുവേണ്ടി കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻഡന്റ് വിജിലൻസിന്റെ പിടിയിൽ. ചൊവ്വാഴ്ച രാവിലെ യാണ് അറസ്റ്റിന് കാരണമായ സംഭവം നടന്നത്. അച്ഛന്റെ പേരിലുള്ള ഭൂമി മകന്റെ പേരിലേക്ക് പ്രമാണം ചെയ്തു നൽകുന്നതിന് നേമം സബ് റജിസ്ട്രാർക്കുവേണ്ടി 3000 രൂപ കൈക്കൂലി വാങ്ങിയ ഓഫീസ് അറ്റൻഡന്റ് ശ്രീജയെ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് ഡിവൈഎസ് പി  എസ് വിനോദും സംഘവുമാണ് പിടികൂടിയത്. വെള്ളായണി പാലപ്പൂര് തേരിവിള വീട്ടിൽ സുരേഷിന്റെ പരാതിയിൽ വിജിലൻസ് സംഘം നൽകിയ 3000 രൂപ സുരേഷിന്റെ കൈയിൽ നിന്നുവാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുന്നതിനിടെയാണ് പിടിയിലായത്.

അച്ഛന്റെ പേരിലുള്ള വസ്തു തന്റെ പേരിലേക്ക് പ്രമാണം ചെയ്തുകിട്ടുന്നതിന്  വെള്ളിയാഴ്ച നേമം സബ് രജിസ്ട്രാ‍ർ ഓഫീസിൽ അപേക്ഷ നൽകാൻ എത്തിയ സുരേഷിനെ ഓഫീസ് അറ്റൻഡന്റ് ശ്രീജ സമീപിക്കുകയും സബ് രജിസ്ട്രാറെ കണ്ടാൽ എത്രയും വേഗം കാര്യം നടക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.അസല്‍ പ്രമാണം ഇല്ലാത്തതിനാല്‍ അടയാളസഹിതം പകര്‍പ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കാന്‍ മൂവായിരം രൂപ ശ്രീജയുടെ കയ്യിൽ കൊടുക്കാൻ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടതായി സുരേഷ് വിജിലന്‍സിനെ അറിയിച്ചു.

കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട സബ് രജിസ്ട്രാർ സന്തോഷ് കുമാർ ഇന്നലെ ഓഫീസിൽ ഹാജരായില്ല. ഇദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുത്ത വിജിലൻസ് സംഘം കുടപ്പനക്കുന്നിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ രാത്രി വൈകിയും പരിശോധന നടത്തി. ഇന്നലെ ശ്രീജയുടെ നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ 8592900900 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.