ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇല്ലാതെ സഭാ സമ്മേളനം തുടരുന്നതിൽ ഇന്ന് മന്ത്രി സഭാ യോഗ ചർച്ച

തിരുവനന്തപുരം : രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനമുണ്ടാകും. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കിയാലേ വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കുകയുള്ളൂ. സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് ആലോചന.

പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിൽ പങ്കെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹിയില്‍ ആയതിനാൽ പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കുന്നില്ല.