സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിലേക്കോ ? സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി പുറത്തായ മുൻ മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ താമസിയാതെ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സിപിഎം യോഗത്തിലായിരുന്നു സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇത് ചർച്ചയായതോടെ ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നിലവിൽ സജി ചെറിയാന് കോടതിയിൽ കേസില്ലെന്നും വിവാദം ഉയർന്നപ്പോൾ പാർട്ടി നിലപാട് എടുത്തതു കൊണ്ടാണ് അദ്ദേഹം രാജിവച്ചതെന്നുമാണ് എംവി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞത്.

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമർശിച്ചെന്നുമാണ് പോലീസ് റിപ്പോർട്ട്. സിപിഎം നേതാവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും.സജി ചെറിയാനെതിരെ കേസ് ഉള്ളതു കൊണ്ടുമാത്രമല്ല ധാർമികതയും പരിഗണിച്ചാണ് പാർട്ടി നിലപാട് എടുത്തത്. കോടതി വിധി ഇല്ലായിരുന്നിട്ടും സജി ചെറിയാൻ മന്ത്രി സ്ഥാനത്തുനിന്ന് മാറി. സജി ചെറിയാന്‍റെ കാര്യത്തിൽ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളത്തിൽ പറഞ്ഞിരുന്നു.