ഖത്തർ മത്സരം തൻ്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചു് മെസ്സി

ദോഹ: ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനൽ  മത്സരം തൻ്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചു് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് അർജന്റീന ഫൈനലിലേക്ക് കടന്നതിന് പിന്നാലെയാണ് മെസ്സിയുടെ പ്രഖ്യാപനം.

‘‘ഫൈനലിൽ എത്താൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കും.അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്’’ ഒരു അർജന്റീനിയൻ മാധ്യമത്തോട് മെസ്സി പറഞ്ഞു.

ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി കഴിഞ്ഞ മത്സരത്തോടെ ലയണൽ മെസി മാറി. ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജർമൻ ഇതിഹാസം ലോതർ മത്യാസിനൊപ്പം പങ്കിടാനും ലയണൽ മെസിക്ക് സാധിച്ചു. ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.

സെമിയിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ മെസി ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയ്ക്കൊപ്പമെത്തി. കൂടാതെ ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരമായ ഗോൾഡൻ ബോൾ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്.

രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോ മത്സരത്തിലെ വിജയികളാണ് ഫൈനലിൽ അർജന്റീനയുടെ എതിരാളി. നാളെ ഇന്ത്യൻ സമയം രാത്രി 12.30ന് അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് മൊറോക്കോ സെമി പോരാട്ടം. ഡിസംബർ 18നാണ് ടൂർണമെന്റിന്റെ ഫൈനൽ.