കർണാടകയിൽ നാലാം ക്ലാസുകാരനെ അധ്യാപകൻ സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞുകൊന്നു

ബംഗളുരു : നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകൻ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. താൽക്കാലിക അധ്യാപകനായ 45കാരനായ മുത്തപ്പ യെല്ലപ്പ സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് കുട്ടിയെ ചട്ടുകം കൊണ്ട് അടിക്കുകയും താഴേക്ക് എറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.

കുട്ടിയെ മ‍ര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഇവ‍ര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.ക്രൂരമായ ആക്രമണത്തിന് ശേഷം മുത്തപ്പ ഓടി രക്ഷപ്പെട്ടു. ഇയാളെ ഇന്നലെ ഉച്ചയോടെ പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്തിട്ടുണ്ട്.

ഇതിനുള്ള കാരണത്തെ കുറിച്ച് വ്യക്തത ഇതുവരെയും വന്നിട്ടില്ല. സ്കൂളിലെ എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.