കോവിഡ് വ്യാപനം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ,ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും പനി ജലദോഷം എന്നിവയുള്ളവര്‍ രോഗത്തെ അവഗണിക്കരുതെന്നും കൃത്യമായി ചികിത്സ തേടണമെന്നും മുഖ്യമന്ത്രി. പുതിയ വകഭേദത്തിന് രോഗ വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണമെന്നാണ് നിർദ്ദേശം.

ഒമിക്രോൺ വകഭേദങ്ങളായ ബിഎഫ്. 7 മൂന്ന് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിയായ 61കാരിയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.പനി,ജലദോഷം,തൊണ്ടവേദന എന്നിവയുള്ളവര്‍ നിർബന്ധമായും ചികിത്സതേടണം.രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സതേടുകയും വേണമെന്നും നിർദ്ദേശത്തിലുണ്ട്.