ക്രിസ്‌മസ്സ്‌ ആഘോഷങ്ങൾക്കിടെ മത പരിവർത്തനം ആരോപിച്ചു് പാസ്റ്റർക്കും ഭാര്യക്കും നേരെ ആക്രമണം

ഉത്തരകാശി: നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് ക്രിസ്മസ് പരിപാടിയിൽ ആക്രമണം.ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിൽ ആണ് നടന്ന സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു.

30 പേരടങ്ങുന്ന സംഘം വടികളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. മുസ്സൂറി യൂണിയൻ ചർച്ചിലെ പാസ്റ്ററാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ആക്രമണത്തിനിരയായ പാസ്റ്ററെയും ഭാര്യയെയും ഉൾപ്പടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയത് ഹിന്ദുസംഘടനയിലുൾപ്പെട്ടവരാണെന്ന് ആക്രമിക്കപ്പെട്ടവർ ആരോപിച്ചു.

ആക്രമണം നടത്തിയവരെയും കസ്റ്റഡിയിലെടുത്തു.തുടർന്ന് വിഷയം രമ്യമായി പരിഹരിച്ച ശേഷം എല്ലാവരെയും വിട്ടയച്ചതായി പോലീസ് അറിയിച്ചു. അടുത്തിടെ സംസ്ഥാന സർക്കാർ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കിയിരുന്നു. ഇതിന്  ഗവർണറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.