സ്വർണ്ണം കടത്ത് ,കരിപ്പൂരിൽ 19 കാരി പിടിയിൽ

മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടി കൂടി.ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി ഷഹല എന്ന 19-കാരി യുവതിയെ 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 10.20 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ യുവതി കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങി.മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്‍െറ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.

ലഗ്ഗേജ് ബോക്സുകള്‍ വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല.തുടര്‍ന്ന് യുവതിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തുനുള്ളില്‍ അതി വിദഗ്‌ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.