മുംബൈ : രാജ്യത്തെ ഞെട്ടിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ? മരണം നടന്ന് ഒന്നര വർഷത്തിനു ശേഷം താരത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാകാമെന്നുമുള്ള പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ദൃക്‌സാക്ഷിയായ രൂപകുമാർ ഷാ.
സുശാന്തിൻ്റെ കഴുത്തിലും ശരീരത്തിലും നിരവധി പാടുകളുണ്ടായിരുന്നു.കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഈ മരണം കൊലപാതകമാകാമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമായ രൂപകുമാർ ഷാ പറയുന്നത്.സുശാന്തിൻ്റേത് ആത്മഹത്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് കുടുംബവും ആരാധകരും ആവർത്തിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ.
2020 ജൂൺ 14നായിരുന്നു മുംബൈയിലെ ഫ്ലാറ്റിൽ സുശാന്ത് സിങ് രാജ്‌പുതിന്റെ മരണം സംഭവിക്കുന്നത്.സുശാന്ത് കൊല്ലപ്പെട്ടതാകാം എന്ന് മൃതദേഹത്തിൻ്റെ ആദ്യകാഴ്ചയിൽ തന്നെ മനസ്സിലായിരുന്നു.ഈ സംശയം അന്നു തന്നെ ഉന്നയിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു.ഇക്കാര്യം ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോൾ നമുക്ക് ചട്ടപ്രകാരം മാത്രം കാര്യങ്ങൾ ചെയ്താൽ മതിയെന്നായിരുന്നു കിട്ടിയ മറുപടി. പെട്ടെന്നു തന്നെ ചിത്രങ്ങൾ പകർത്താനും മൃതദേഹം പോലീസിനു വിട്ടുകൊടുക്കാനും സീനിയേഴ്സ് ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് രാത്രി മൃതദേഹ പരിശോധന പൂർത്തിയാക്കിയതെന്നും രൂപകുമാർ ഷാ പറഞ്ഞു.
താരത്തിൻ്റെ മരണം ഏറെ വിവാദത്തിനു വഴിവെച്ചെങ്കിലും മരണകാരണം ആത്മഹത്യയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.സുശാന്തിൻ്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.കേസ് അന്വേഷിച്ചത് മുംബൈ പോലീസ് ആയിരുന്നെങ്കിലും പിന്നീട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും കൈമാറി.
” സുശാന്ത് സിങ് മരിക്കുന്ന ദിവസം കൂപ്പർ ഹോസ്പിറ്റലിൽ ഞങ്ങൾക്ക് അഞ്ച് മൃതദേഹങ്ങളായിരുന്നു പോസ്റ്റ്മോർട്ടത്തിനായി ലഭിച്ചത്. ഇതിൽ ഒരെണ്ണം ഒരു വിഐപിയുടേതായിരുന്നു. പോസ്റ്റ്മോർട്ടം തുടങ്ങുമ്പോൾ ഇത് സുശാന്ത് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ നിരവധി പാടുകളുണ്ടായിരുന്നു. കഴുത്തിലായിരുന്നു രണ്ട് മൂന്ന് പാടുകൾ. പോസ്റ്റ്മോർട്ടം റെക്കോഡ് ചെയ്യേണ്ടിയിരുന്നെങ്കിലും ഉന്നതാധികാരികൾ പറഞ്ഞത് ഫോട്ടോകൾ മാത്രം പകർത്തിയാൽ മതി എന്നായിരുന്നു. അതുകൊണ്ട് ഉത്തരവ് അനുസരിച്ച് മാത്രം ഞങ്ങൾ കാര്യങ്ങൾ ചെയ്തു.” ടിവി9ന് നൽകിയ അഭിമുഖത്തിലായിരുന്നു രൂപകുമാർ ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.