ഭീകരവാദം വെച്ച് പൊറുപ്പിക്കില്ല, ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡൽഹി: ഡൽഹിയിൽ ചേർന്ന ഉന്നത തലയോഗത്തിൽ ഭീകരവാദത്തിനെതിരെ വിട്ട് വീഴ്ച്ച വേണ്ടെന്ന കർശന നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീർ താഴ്വരയിൽ ഭീകരർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും  ഭീകരവാദം വെച്ച് പൊറുപ്പിക്കില്ലെന്നും ജമ്മു കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുമെന്നും അമിത് ഷാ പറഞ്ഞു.ഭീകരവാദികളോട് സന്ധി വേണ്ടെന്ന കർശന നിർദ്ദേശമാണ് അമിത് ഷാ നൽകിയത്.

ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 4 ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടത്. ഈ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി ഉന്നത തല യോഗം വിളിച്ചത് . ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹ, റോ മേധാവി സാമന്ത് ഗോയൽ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ സ്ഥിതി വിലയിരുത്തിയ യോഗം സുരക്ഷ അവലോകനം ചെയ്തു.

പാക് ഭീകരരുട നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞ് കയറ്റ ശ്രമങ്ങൾ, ലക്ഷ്ക്കർ ഇ തൊയ്ബ, ജെയ്ഷെ ഇ മൊഹമ്മദ്, കശ്മീർ റസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ഉന്നതതല യോഗം ചർച്ച ചെയ്തു.കശ്മീരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിന് മുമ്പത്തെ പോലെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് കഴിയുന്നില്ലെന്ന് യോഗം നിരീക്ഷിച്ചു.