പുതുവത്സര ദിനത്തിൽ റോഡിൽ യുവതിയുടെ നഗ്ന മൃതദേഹം

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ രാജ്യത്തിന്റെ തലസ്ഥാനത്ത് വാഹനാപകടത്തിൽ യുവതി കൊല്ലപ്പെട്ടു.സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അമിതവേഗതയിലെത്തിയ കാർ  ഇടിച്ച് തെറിപ്പിക്കുകയും കാറിന്‍റെ ടയറിനിടയിൽ കുടുങ്ങി നാല് കിലോമീറ്ററിലധികം ദൂരം വലിച്ച് കൊണ്ട് പോവുകയുമായിരുന്നു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിലോമീറ്ററുകളോളം വലിച്ചിഴക്കപ്പെട്ടതിനാൽ വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ് നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നത്.ഡൽഹി സുൽത്താൻപുരിയിൽ വെച്ചാണ് അപകടമുണ്ടായത്. കാഞ്ചൻവാലയിലാണു അമൻ വിഹാർ സ്വദേശിനിയായ 20കാരിയുടെ മൃതദേഹം കണ്ടെത്തിയത്.കാർ സ്കൂട്ടറിലിടിച്ചെന്ന് വ്യക്തമായിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു.

പുലര്‍ച്ചെ 3.45നായിരുന്നു സംഭവം. പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.കാറിന്‍റെ പിൻവശത്തെ ടയറിൽ കാലുകൾ കുടുങ്ങിയ നിലയിലായിരുന്നു യുവതി. പിൻവശം പൂർണമായും തകർന്നെന്നും വാരിയെല്ലുകൾ ദൃശ്യമായിരുന്നെന്നും പോലീസ് പറഞ്ഞു. കൈകൾക്കും കാലിനും പുറമെ നെറ്റിയിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

കാറിൽ യുവതിയെ വലിച്ചിഴയ്ക്കുന്നത് കണ്ട ഒരാൾ കാർ നമ്പൾ ഉൾപ്പെടെ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസാണ് വഴിയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവം നടന്ന് അധികം വൈകാതെ തന്നെ കാറിലുണ്ടായിരുന്നവരെ പോലീസ് പിടികൂടി. അപകടത്തെപ്പറ്റി അറിഞ്ഞില്ലെന്നായിരുന്നു ആദ്യം ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തതോടെ അപകടമുണ്ടായെന്ന് അറിഞ്ഞിരുന്നെന്നും എന്നാൽ യുവതിയെ വലിച്ചിഴച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മൊഴി നൽകിയെന്നും പോലീസ് പറഞ്ഞു.

അപകടമുണ്ടായതിന് പിന്നാലെ സ്ഥലത്ത് നിന്ന് കടന്നുകളയാനാണ് സംഘം ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.വസ്ത്രങ്ങളില്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി ഹരേന്ദ്ര കെ സിങ് പറഞ്ഞു.പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നും വിഷയം ഏറെ ഭയമുളവാക്കുന്നതാണെന്നും സംഭവത്തെ കുറിച്ച് പോലീസിനോട് റിപ്പോർട്ട് തേടുമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു.

വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും സപ്പോർട്ടിങ് സ്റ്റാഫായി ജോലി ചെയ്തിരുന്ന പെൺകുട്ടി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.