പുതുവത്സരാഘോഷത്തിൽ ഭാര്യയെ നിർബന്ധിച്ചു സെൽഫി എടുക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിൽ സംഘർഷം

നോയിഡ: പുതുവത്സരാഘോഷങ്ങൾക്കിടെ യുവതികളെ നിർബന്ധിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം.പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ രണ്ട് യുവതികളെ യുവാക്കൾ ശല്യപ്പെടുത്തുകയും സെൽഫിയെടുക്കാൻ നിർബന്ധിക്കുകയുമായിരുന്നു. യുവാക്കളുടെ മോശം പെരുമാറ്റം ശ്രദ്ധിയിൽപ്പെട്ട ഭർത്താക്കന്മാർ എതിർത്തതോടെ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും തർക്കവും ആരംഭിച്ചു.

ശനിയാഴ്ച രാത്രി ഉത്തർ പ്രദേശിലെ ഗൗർ സിറ്റി ഫസ്റ്റ് അവന്യൂ സൊസൈറ്റിയിലാണ് സംഭവം.സംഘർഷം പരിഹരിക്കാനെത്തിയ സെക്യൂരിറ്റി ഗാര്‍ഡുകളെയും യുവാക്കൾ ആക്രമിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. തർക്കം കയ്യേറ്റത്തിലേക്കും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ നാട്ടുകാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. നാല് പേർ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

പ്രശ്നം പരിഹരിക്കാൻ എത്തിയവരെയും യുവാക്കൾ കയ്യേറ്റം ചെയ്തതായി സൊസൈറ്റിയിലെ താമസക്കാരനായ അനൂപ് സോണി വ്യക്തമാക്കി.തൻ്റെ ഭാര്യയ്ക്കൊപ്പം സെൽഫിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെയാണ് യുവാക്കൾ തന്നെ മർദിച്ചതെന്ന് ഒരു യുവതിയുടെ ഭർത്താവായ അജിത് കുമാർ പറഞ്ഞു. അനുനയ ശ്രമത്തിന് ശ്രമിച്ച സൊസൈറ്റിയിലെ ചില താമസക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു,മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു .കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.