ഡല്‍ഹിയിലെ തെരുവീഥിയിലൂടെ ഒരു പെണ്‍കുട്ടി കാറിൽ വലിച്ചിഴച്ച സംഭവം,BJP നേതാവും പ്രതി,റിപ്പോർട്ട് തേടി അമിത് ഷാ

ന്യൂ ഡൽഹി : ഡല്‍ഹിയിലെ തെരുവീഥിയിലൂടെ ഒരു പെണ്‍കുട്ടി 12 കിലോമീറ്ററിലധികം ദൂരം വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തില്‍ ഡൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ ശാലിനി സിംഗിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.പുതുവത്സര ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച റോഡ്‌ അപകടത്തില്‍ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഡൽഹി പോലീസ് സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കേസിലെ പ്രതികളിലൊരാളായ മനോജ് മിത്തൽ ബിജെപി നേതാവാണെന്നും ഇയാളും മറ്റ് സുഹൃത്തുക്കളും ഇപ്പോൾ താമസിക്കുന്ന ലോക്കൽ പോലീസ് സ്‌റ്റേഷന് പുറത്ത് അയാളുടെ ചിത്രമുള്ള ഒരു ഹോർഡിംഗ് സ്ഥാപിച്ചിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. പ്രതി മനോജ് മിത്തൽ BJP നേതാവാണ്‌ എന്നതിന് വ്യക്തമായ സൂചനകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

“ഈ സംഭവത്തിലെ അഞ്ച് പ്രതികളിൽ ഒരാൾ ബിജെപി നേതാവായ മനോജ് മിത്തൽ ആണ്. ഇയാള്‍ക്ക് സുൽത്താൻപുരിയിൽ ഒരു റേഷൻ കടയുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം ബിജെപി വാർഡ്-42 മംഗോൾപുരിയുടെ കോ-ഓർഡിനേറ്ററാക്കിയതിന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.”മനോജ് മിത്തൽ കൂട്ടുകാരുമൊത്ത് തനിക്ക് ലഭിച്ച പുതിയ പദവിയുടെ ആഘോഷം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഈ സംഭവം നടക്കുന്നത് എന്ന് അയല്‍വാസി പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഈ സംഭവത്തെ “അപൂർവങ്ങളില്‍ അപൂർവമായ കുറ്റകൃത്യം” എന്ന് വിശേഷിപ്പിക്കുകയും സംഭവത്തിന് ഉത്തരവാദികളായവർക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സംഭവത്തില്‍ താന്‍ ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുമായി സംസാരിച്ചതായും പ്രതികള്‍ക്ക് ഉയർന്ന രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ പോലും, ഒരു ദയയും കാണിക്കില്ല എന്നും കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും കേജ്‌രിവാൾ പറഞ്ഞു. മനുഷ്യത്വരഹിതമായ ഈ കുറ്റകൃത്യത്തിൽ താൻ ലജ്ജിച്ചു തല കുനിയ്ക്കുന്നു എന്ന് ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പറഞ്ഞു. 

വലിയ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.ആളുകള്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. ഒന്നാം തിയതി അതിരാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഞായറാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി തട്ടി.പെണ്‍കുട്ടിയുടെ വസ്ത്രം കാറില്‍ കുടുങ്ങുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.