സജി ചെറിയാൻ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമതും മന്ത്രിയാകും

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രി സഭയിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിൽ വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കും. അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്‍കിയത്. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഭരണഘടനയിൽ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിയ്ക്കാണ്. ശുപാര്‍ശ മറികടന്നാല്‍ ഭരണഘടനയെ ഗവര്‍ണര്‍ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാല്‍ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നല്‍കാമെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം.

നേരത്തെ കൈകാര്യം സിനിമ – സാംസ്കാരിക വകുപ്പുകളും ഫിഷറീസ് വകുപ്പും തന്നെ സജി ചെറിയാന് തിരികെ നൽകിയേക്കും. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ തുടങ്ങിയ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും.

യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കും.ഡി സി സി ,ബ്ലോക്ക് തലത്തിൽ കരിംകൊടി ഉയർത്തുവാനും കറുത്ത ബാഡ്‌ജ് ധരിക്കുവാനുമാണ് നിർദ്ദേശം. ഇന്ന് ബിജെപി ഭരണഘടനാ ദിനമായി ആചരിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രി സഭയിൽ തിരിച്ചെത്തുന്നത്.