കൊല്ലം : കൊറ്റങ്കര സ്വദേശിയായ 32കാരിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിലാണ് യുവതിയുടെ പൂർണനഗ്നമായ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ കൈയില്‍ നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബന്ധപ്പെട്ടപ്പോൾ യുവതിയെ കാണാതായെന്ന പരാതി കുണ്ടറ പൊലീസില്‍ നല്‍കിയിട്ടുണ്ടെന്ന് യുവതിയുടെ അമ്മ അറിയിച്ചു. യുവതിയുടെ മരണവിവരം അറിഞ്ഞതോടെ ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് ആ ഫോണുൾപ്പെടെ കുണ്ടറ പൊലീസിന് കൈമാറി .
മുൻപ് ലോട്ടറി വിറ്റിരുന്ന യുവതി സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുവിൽപന നടത്തുകയായിരുന്നു. എല്ലാദിവസവും രാത്രി ഏഴിന് വീട്ടിലെത്തുമായിരുന്ന യുവതി 29ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയതെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
ഡിസംബര്‍ 29ന് ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നു. ഇതേതുടര്‍ന്ന് യുവതിയെ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.