ഇന്ത്യൻ സിനിമാലോകത്തെ പ്രശസ്ത കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

എറണാകുളം : മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്ന സുനില്‍ ബാബു അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 50 വയസായിരുന്നു.

കാലിലുണ്ടായ നീരിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് സുനിൽ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് സുനിൽ ബാബു. അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയവയാണ് സുനിലിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സുനിൽ നേടിയിരുന്നു.

മൈസൂരു ആര്‍ട്‌സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. ബോളിവുഡില്‍ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ് .അവസാനം ചെയ്ത സിനിമസാണ് വിജയ് നായകനായ തമിഴ് ചിത്രം വാരിസാണ്.