നിരോധിത പുകയിലുമായി കസ്റ്റഡിയിലെടുത്ത രണ്ടു ലോറികളിൽ ഒന്ന് സി പി എം നേതാവിന്റേത്,മുഖം നോക്കാതെ നടപടി എന്ന് സി പി എം നേതൃത്വം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നു രണ്ട് ലോറികളിലും,പിക്കപ്പ് വാനുകളിലുമായി കടത്താൻ ശ്രമിച്ച ഒരു കോടിയുടെ ലഹരി വസ്തുക്കൾ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ എ. ഷാനവാസിന്റെ പേരിലുള്ളതാണ്.

ആലപ്പുഴ നഗരസഭാംഗം ഷാനവാസിനെതിരെ സിപിഎം നടപടിയെടുക്കുമെന്നാണ് സൂചന. ആരോപണവിധേയനായ ഷാനവാസ് ഇന്നലെ ചേർന്ന ഏരിയാ കമ്മറ്റിയിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം. തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം. ഇതുസംബന്ധിച്ച രേഖകകളും ഷാനവാസ് പുറത്തു വിട്ടു. എന്നാൽ ഈ രേഖകൾ കൃതൃമമായി ഉണ്ടാകിയതാണോ എന്ന സംശയം ഉയരുകയാണ്. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്പ്, കൃത്യമായി പറഞ്ഞാൽ ജനുവരി 6ന് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നൽകിയത്. എന്നാൽ കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരുമില്ല.

നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ച സംഭവത്തിൽ ആലപ്പുഴ നഗരസഭ കൗൺസിലർ എ ഷാനവാസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ഒരാളെയും സംരക്ഷിക്കില്ല. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിഷയം അടിയന്തരമായി ചർച്ച ചെയ്യുമെന്നും ആർ നാസർ പറഞ്ഞു.സാധാരണ ശനിയാഴ്ച കൂടാറുള്ള പ്രതിവാര സെക്രട്ടേറിയറ്റ് വരെ കാത്തുനിൽക്കാതെ ഇന്നോ നാളെയോ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ച് ചേർക്കാനാണ് തീരുമാനം.

ഇതിന് മുമ്പ് ആരോപണ വിധേയനായി സംഘടനാ നടപടി നേരിട്ടുള്ള ആളാണ് ഷാനവാസ്. സംഭവത്തില്‍ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സീ വ്യൂ വാര്‍ഡ് ഇജാസ് മന്‍സിലില്‍ ഇജാസ് (27), വെള്ളക്കിണര്‍ സജാദ് മന്‍സിലില്‍ നാനാജിയെന്നുവിളിക്കുന്ന സജാദ് (28), കരുനാഗപ്പള്ളി പുത്തന്‍തെരുവ് പനങ്ങോട്ടുമുക്ക് കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍ (39) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ പ്രതികളുമായി എ ഷാനവാസ് പുതുവത്സരം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

വാഹനയുടമയായ ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്നും കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ചു വരികയാണ്.