സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പിൽ: പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി

കൊച്ചി∙ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി വാട്സാപ്പിലെ അശ്ലീല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ തെളിവുകളും പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ബിജുവിന്റെ ശബ്ദരേഖയും പുറത്തുവന്നു. വിദേശത്തുള്ളവരടക്കം ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ഇതിനായി പ്രത്യേക നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും ബിജു വെളിപ്പെടുത്തി.

അശ്ലീല ഗ്രൂപ്പില്‍ യാദൃച്ഛികമായി കയറിപ്പറ്റിയ നാട്ടുകാരനാണ് ബിജുവിനെ കയ്യോടെ പൊക്കിയത്. പൊലീസിലേക്ക് പരാതി നീണ്ടതോടെ ബിജു അടവ് മാറ്റി. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്നു ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നുപറഞ്ഞു.ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശപ്രകാരമാണെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു പറഞ്ഞു. ‌ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിലിരിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെ ബിജുവിനെ പാര്‍ട്ടി ആ സ്ഥാനത്തു നിന്ന് നീക്കി.