കൊച്ചി: നൊന്തുപ്രസവിച്ച മകളെ അനാഥാലയത്തിൽ ഉപേക്ഷിച്ച് ഇരുട്ടിലേയ്ക്ക് നടന്നകന്ന ഒരു 19കാരി സോഫിയ എന്ന അമ്മയെ തേടി കഴിഞ്ഞ നാലു വർഷമായി നവ്യ നടത്തുന്ന ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. സോഫിയയ്ക്ക് ഇന്ന് 58 വയസുണ്ടാകും. അവർ കേരളത്തിൽ എവിടെയോ ഉണ്ടെന്ന് ഇറ്റാലിയൻ പൗരയായ നവ്യയ്ക്ക് ഉറപ്പാണ്.കൊല്ലത്ത് അവർക്ക് ബന്ധുക്കളുണ്ടെന്നും അവർ ഒരു കത്തോലിക്കാ വിശ്വാസിയാണെന്നും നവ്യയ്ക്ക് അറിയാം.
“അമ്മയെ ഒരുനോക്ക് കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കിൽ സംരക്ഷിക്കണം. കാരണം അമ്മ എനിക്ക് നന്മ മാത്രമേ ചെയ്തിട്ടുള്ളൂ.” ചിലപ്പോൾ അമ്മ കുടുംബത്തോടൊപ്പം താമസിക്കുകയായിരിക്കാം, എങ്കിൽ അമ്മ അറിയാതെ കണ്ടിട്ട് മടങ്ങും. അമ്മയെ കണ്ടെത്താൻ വളരെ പ്രയാസമാണ് എന്ന് എനിക്കറിയാം, പക്ഷെ എന്തുചെയ്യാൻ പറ്റും? ഞാൻ ഒരു ഓർഫനേജിലാണ് വളർന്നത് . അതുകൊണ്ടു തന്നെ ഞാൻ വളരെ ശക്തയാണ്. എനിക്ക് അരക്ഷിതാവസ്ഥയൊന്നും തോന്നുന്നില്ല. ഒരുദിവസം ഞാൻ തേടുന്ന ഉത്തരം കണ്ടെത്തും എന്നുതന്നെ ഞാൻ കരുതുന്നു.” നവ്യ പറഞ്ഞു
“എൻ്റെ ബന്ധുക്കളെല്ലാവരും തന്നെ തെക്കൻ കേരളത്തിൽ നിന്നുള്ളവരാണ് എന്ന് എനിക്ക് ഡിഎൻഎ പരിശോധനയിലൂടെ മനസ്സിലായി, കൊല്ലത്തു നിന്നും തിരുവനന്തപുരത്തു നിന്നുമുള്ളവർ. ബന്ധുക്കളാകാമെന്നു കരുതി പലരെയും ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അവർക്ക് ആർക്കും എൻ്റെ അമ്മയെപ്പറ്റി അറിയുമായിരുന്നില്ല. ഒരുപക്ഷെ അവർ വളരെ അകന്ന ബന്ധുക്കളാകാം.”
താൻ ദത്തെടുക്കപ്പെട്ടതാണെന്ന് ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും എന്നാൽ അന്ന് രക്ഷിതാക്കൾ വലിയ പിന്തുണയാണ് നൽകിയതെന്നും നവ്യ പറഞ്ഞു. ഇക്കാര്യങ്ങൾ ഒൻപതാം വയസിൽ തന്നെ നവ്യയോട് രക്ഷിതാക്കൾ പങ്കുവെച്ചിരുന്നു. “ഇറ്റലിയിലെ എൻ്റെ രക്ഷിതാക്കൾക്ക് എൻ്റെ ഫീലിങ്സ് മനസിലായി. ഞാൻ എൻ്റെ വേരുകൾ തേടുന്നത് എന്തിനാണെന്നും അവർക്കറിയാം. എൻ്റെ രക്ഷിതാക്കളാണല്ലോ അവർ. അതിൽ എന്തെങ്കിലും മോശമുണ്ടെന്ന് അവർ കരുതുന്നില്ല. സ്നേഹിക്കുക എന്നതാണ് പ്രധാനം, അല്ലാതെ നിങ്ങൾ എവിടെ നിന്ന് വരുന്നു എന്നതിലൊന്നും പ്രസക്തിയില്ല.”
ഇറ്റാലിയൻ സ്വദേശികളായ സിൽവാനോ – തിസിയാന ഡൊറിഗാട്ടി ദമ്പതികളായിരുന്നു നവ്യയെ ദത്തെടുത്തത്. “ഞാൻ അധികം മിണ്ടാട്ടമുള്ള കുട്ടിയായിരുന്നില്ല. എൻ്റെ നിറം അവരുടേതുപോലെയായിരുന്നില്ല. പക്ഷെ മറ്റുള്ളവരിൽ നിന്ന് ഞാൻ വ്യത്യസ്തയാണെന്ന് തോന്നാൻ അതുമാത്രമായിരുന്നില്ല കാരണം. എന്നാൽ എൻ്റെ കുടുംബം എന്നെ സ്നേഹിച്ചു. എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. എന്നാൽ ഇറ്റലിയിൽ ഇരുന്നും ഇന്ത്യയുടെ അംശങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമിക്കുമായിരുന്നു.” നവ്യ പറഞ്ഞു
12 വർഷം മുൻപാണ് നവ്യ അവസാനമായി കേരളത്തിലെത്തിയത്. 2019ൽ കേരളത്തിൽ മാധ്യമങ്ങളുടെയും പോലീസിൻ്റെയും സഹായത്തോടെ വലിയ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോഴിക്കോട്ടെ അനാഥാലയത്തിൽ വളർന്ന നവ്യയുടെ പെറ്റമ്മയാണ് സോഫിയ. കഴിഞ്ഞ നാലു വർഷമായി അമ്മയെ കണ്ടെത്താൻ നവ്യ നടത്തുന്ന ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. മൂന്ന് വർഷത്തിനു ശേഷം വീണ്ടും ഊർജിതമായ അന്വേഷണവുമായി എത്തുകയാണ് ജന്മം കൊണ്ടു മാത്രം മലയാളിയായ നവ്യ സോഫിയ ഡോറിഗാറ്റി.
സോഫിയയ്ക്ക് ഇന്ന് 58 വയസുണ്ടാകും. അവർ കേരളത്തിൽ എവിടെയോ ഉണ്ടെന്ന് ഇറ്റാലിയൻ പൗരയായ നവ്യയ്ക്ക് ഉറപ്പാണ്.കൊല്ലത്ത് അവർക്ക് ബന്ധുക്കളുണ്ടെന്നും അവർ ഒരു കത്തോലിക്കാ വിശ്വാസിയാണെന്നും നവ്യയ്ക്ക് അറിയാം.
അമ്മയോട് നവ്യയ്ക്ക് ഒരു ദേഷ്യവുമില്ല. ഒന്നു നേരിട്ട് കാണണമെന്നും കെട്ടിപ്പിടിക്കണമെന്നും മാത്രമാണ് അവരുടെ ആഗ്രഹം. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ 2019ൽ അന്വഷണം നടത്തിയെങ്കിലും വിഫലമായി, ബന്ധുക്കളെന്ന് സംശയിക്കുന്ന ചിലരിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കാത്തിരിപ്പ്. “നല്ലത് സംഭവിക്കും എന്നു കരുതി ഞാൻ ക്ഷമയോടെ കാത്തിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. അതുകൊണ്ടാണ് വീണ്ടും ഞാൻ ഇറങ്ങിത്തിരിച്ചത്.”
സാരിയുടുത്തും പൊട്ടുകുത്തിയും നിരവധി ചിത്രങ്ങൾ നവ്യ ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. മാതൃഭാഷ ഇറ്റാലിയനായ നവ്യയ്ക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. എന്നാൽ ഇറ്റലിയിലെ മലയാളി സുഹൃത്തുക്കൾ നവ്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. രണ്ടാം വയസിൽ അനാഥാലയത്തിൽ നിന്ന് വിദേശദമ്പതികൾ ദത്തെടുത്ത നവ്യ ഇപ്പോൾ ഇറ്റലിയിലെ ട്രെൻ്റോയിലാണ് കുടുംബസമേതം താമസിക്കുന്നത്.