തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ന്ന 15,300 ലീറ്റർ പാല്‍ പിടികൂടി

കൊല്ലം∙ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ വടിയൂരിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തേക്ക് കൊണ്ടുവന്ന 15,300 ലീറ്റര്‍ പാല്‍ ആണ് കൊല്ലം ആര്യങ്കാവ് അതിർത്തി ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് പിടികൂടിയത്.

ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തി. കൂടുതൽ ദിവസം പാൽ കേടുകൂടാതെയിരിക്കാനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേർക്കുന്നത്. ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകും.