നാസിക്കിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ 10 മരണം

മുംബൈ∙ മഹാരാഷ്ട്രയിലെ നാസിക്കിൽ സ്വകാര്യ ആഡംബര ബസ് ട്രക്കിലിടിച്ച് 10 മരണം. ഏഴ് സ്ത്രീകളും രണ്ട് ആൺകുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സിന്നാറിലെ റൂറൽ ആശുപത്രിയിലും യശ്വന്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യം ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു.

വെള്ളിയാഴ്ച രാവിലെ സിന്നാർ തെഹ്സിൽവച്ചായിരുന്നു അപകടം. മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് സിന്നാർ. താനെ ജില്ലയിലെ അംബർനാഥിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ് അഹമ്മദ്‌നഗർ ജില്ലയിലെ ക്ഷേത്രനഗരമായ ഷിർദിയിലേക്ക് പോവുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു.സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.