തിരുവനന്തപുരം: തരൂരിൻ്റെ ലക്ഷ്യം കേരള മുഖ്യമന്ത്രിസ്ഥാനമാണെന്ന രമേശ് ചെന്നിത്തലയുടെ പരസ്യവിമർശനത്തിന് മറുപടിയുമായിശശി തരൂർ. താൻ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ലെന്നും,നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നതു കൊണ്ടാണ് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതെന്നും, കേരളത്തിൽ നിന്ന് കൂടുതൽ പരിപാടികൾക്ക് ക്ഷണം കിട്ടുന്നുണ്ടെന്നും തരൂർ പ്രതികരിച്ചു. താൻ ഒരു സമുദായത്തിൻ്റെ മാത്രം നേതാവല്ലെന്നും ക്ഷണം കിട്ടിയതു കൊണ്ടാണ് സമുദായനേതാക്കളെ കണ്ടതെന്നും തരൂർ മറുപടി നൽകി.
സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലല്ലെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച് 20 ശതമാനത്തോളം വോട്ട് നേടിയ തരൂരിനെ അവഗണിക്കാനാകില്ലെന്ന നിലയിലാണ് നേതാക്കൾ. കൂടുതൽ സമുദായനേതാക്കളും യുവനേതാക്കളും തരൂരിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിലാണ് കെപിസിസി നേതൃത്വം. വിവാദങ്ങൾ ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിൽ തരൂരിന് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായേക്കും.
പുനഃസംഘടനയ്ക്ക് ജില്ലാതലത്തിൽ സമിതികൾ നിശ്ചയിച്ച സാഹചര്യത്തിൽ കോൺഗ്രസിൻ്റെ ശ്രദ്ധ മുഴുവൻ അടുത്ത മാസം നടക്കുന്ന പ്ലീനറി സമ്മേളനങ്ങളിലാണ്. കേരളത്തിൽ നിന്ന് ആരൊക്കെ പ്രവർത്തകസമിതിയിൽ എത്തുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. എകെ ആൻ്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നീ നേതാക്കളാണ് നിലവിൽ സിഡബ്ലൂസിയിലുള്ളത്. കോൺഗ്രസ് അധ്യക്ഷൻ നോമിനേറ്റ് ചെയ്യുന്ന 11 പേർക്കൊപ്പം മത്സരത്തിലൂടെ സമിതിയിൽ എത്തുന്ന 12 പേർ കൂടി സിഡബ്ല്യൂസിയിൽ ഉണ്ടാകും. ഇതിനു പുറമെ കോൺഗ്രസ് അധ്യക്ഷനും പാർലമെൻ്ററി പാർട്ടി നേതാക്കളും സമിതിയിലുണ്ടാകും.
തരൂരിനെ പ്രവർത്തകസമിതിയിലേയ്ക്ക് ഹൈക്കമാൻഡ് നാമനിർദേശം ചെയ്യുമോ എന്ന ചോദ്യം പ്രസക്തമാണ്. കോൺഗ്രസ് അധ്യക്ഷൻ അശോക് ഗെലോട്ട് തരൂരിനെ നാമനിർദേശം ചെയ്തില്ലെങ്കിലും മത്സരം വഴി അദ്ദേഹത്തിന് പ്രവർത്തകസമിതിയിൽ എത്താം. മത്സരിക്കുന്ന കാര്യത്തിൽ തരൂരും വ്യക്തത വരുത്തിയിട്ടില്ല.ഡൽഹി വിട്ട് കേരളത്തിൽ സ്ഥിരതാമസമാക്കിയ എകെ ആൻ്റണിയും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടുത്ത വട്ടം പ്രവർത്തകസമിതിയിൽ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ കെസി വേണുഗോപാൽ ഉണ്ടാകും.
തന്നെ ഇഷ്ടമല്ലാത്ത നേതാക്കൾ പാർട്ടിയിൽ ഉണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നുമാണ് തരൂരിൻ്റെ വാക്കുകൾ.