തിരുവനന്തപുരം: പൊതുസ്ഥലത്തും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് വീണ്ടും നിർബന്ധമായി ധരിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരുകളിലും മാസ്ക് ധരിക്കണം. സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവടങ്ങളിൽ കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു. കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കേന്ദ്രം കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നില്ലെന്നും ഒരു കരുതൽ എന്ന നിലയിൽ നേരത്തെയുള്ള വിജ്ഞാപനം പുതുക്കുകയാണ് ചെയ്‌തതെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. നിലവിൽ ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും ജാഗ്രത വേണമെന്നും അധികൃതർ പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 114 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്.