മാർസെയിൽ : ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി സിസ്റ്റർ ആന്ത്രേയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ടോലോൺ മേയർ ഹബേർട്ട് ഫാൽകോ. ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റർ ആന്ത്രേ എന്നറിയപ്പെടുന്ന ലൂസൈൽ റാൻഡനാണ് തൻ്റെ 118 വയസ്സിൽ അന്തരിച്ചത്.ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയായിരുന്നു. ഫ്രാൻസിലെ ടൗലോൺ നഗരത്തിൽ മഠത്തിലായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ വർഷം ജപ്പാൻ സ്വദേശിയായ കാനെ തനാക 119ാം വയസിൽ മരിച്ചതോടെയാണ് സിസ്റ്റർ ആന്ത്രേ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായത്. 1904ൽ ഫ്രഞ്ച് നഗരമായ ഏൽസിലാണ് ലൂസിൽ റാൻഡൺ ജനിച്ചത്. അവസാന കാലത്ത് ടോളാണിലെ ഒരു നഴ്സിങ് ഹോമിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
” ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്,വലിയ ദുഖമുണ്ട്, പക്ഷേ അത് സംഭവിക്കണമെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു, പ്രിയപ്പെട്ട സഹോദരനോടൊപ്പം ചേരാനുള്ള അവരുടെ ആഗ്രഹമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് സ്വാതന്ത്ര്യമാണ്.“ വക്താവ് ഡേവിഡ് ടവേല്ല മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപികയായും ആയയായും ജോലി ചെയ്തിട്ടുള്ള ആന്ദ്രേ സ്പാനിഷ് ഫ്ലൂവും രണ്ട് ലോക മഹായുദ്ധങ്ങളും അതിജീവിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് കുട്ടികളെ ശുശ്രൂഷിക്കുകയും അന്ന് അനാഥരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.19ാം വയസിൽ കാത്തോലിക്കയിലേക്ക് മാറിയ ആന്ദ്രേ എട്ട് വർഷങ്ങൾക്ക് ശേഷം കന്യാസ്ത്രീയായി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മൂന്ന് പതിറ്റാണ്ട് കാലം യുദ്ധം ദുരിതം വിതച്ച പ്രായമായവർക്കും അനാധർക്കും പിന്തുണ നൽകുന്നതിന് വേണ്ടി ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2021ൽ കൊവിഡ് മഹാമാരിയിൽ നിന്നും രക്ഷപെട്ട ആന്ദ്രേ താമസിച്ചിരുന്ന നഴ്സിങ്ങ് ഹോമിൽ നിരവധി ആളുകൾ വൈറസ് ബാധയിൽ മരിച്ചിരുന്നു. കൊവിഡിനേക്കുറിച്ച് ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് “മരണത്തെ ഞാൻ ഭയപ്പെട്ടില്ല, കാരണം എനിക്ക് മരിക്കാൻ ഭയമില്ല“ എന്നായിരുന്നു അവരുടെ മറുപടി.