നാലാമത്തെ ഭാര്യയെ കൊന്നത് അഞ്ചാമതും വിവാഹം കഴിക്കാൻ,പ്രതിയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരം:  2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനിൽ സുനിതയെ ജോയി മൺവെട്ടിക്കൈ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചെന്നാണ് കേസ്. തന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നൽകാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്.

സുനിത ഉള്‍പ്പെടെ നാലു ഭാര്യമാരുള്ള ജോയ്, അഞ്ചാമത് വിവാഹം കഴിക്കാന്‍വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിൽ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഭർത്താവ് ജോയി ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയും , തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അടിച്ചു വീഴ്ത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്.പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതിനു ശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് പ്രതി മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചത്.

അനാഥാലയത്തിലായിരുന്ന കുട്ടികളെ ആലപ്പുഴയിലെ കുടുംബം നിയമപരമായി ദത്തെടുത്തു. പിതാവിനെതിരെ സാക്ഷി പറയാൻ കോടതിയിലെത്തിയ കുട്ടികൾ പിതാവിനെ കാണാൻ കൂട്ടാക്കുകയോ അയാളുടെ സാന്നിദ്ധ്യത്തിൽ മൊഴി നൽകാനോ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതി മുറിക്ക് പുറത്ത് നിറുത്തിയ ശേഷമാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

കുറ്റവാളികളോട് അനുഭാവം പാടില്ലെന്ന മേൽക്കോടതി ഉത്തരവുണ്ടെന്നും വധശിക്ഷ നൽകണമെന്നും ജില്ലാ ഗവ. പ്ലീഡർ എം സലാഹുദ്ദീൻ വാദിച്ചു.