തിരുവനന്തപുരം: ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരുടെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടു.
പൊലീസ് സേനയിലെ കളങ്കിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഡിജിപി, യൂണിറ്റ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പോക്‌സോ, ബലാത്സംഗം, വിജിലന്‍സ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പൊലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിട്ട പൊലീസുകാരുടെ വിവരങ്ങളും ഡിജിപി തേടിയിട്ടുണ്ട്.
പൊലീസ്-ഗുണ്ടാ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനവ്യാപകമായി 24 എസ്എച്ച്ഒമാരെ സ്ഥലംമാറ്റി. നടപടി നേരിട്ട സിഐമാര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മുഴുവന്‍ പൊലീസുകാരും നടപടി നേരിട്ട മംഗലപുരം പൊലീസ് സ്‌റ്റേഷനില്‍ പുതിയ എസ്എച്ച്ഒ.ആയി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് സി ഐ സിജു കെ എല്‍ നായരെ നിയമിച്ചു.സസ്‌പെന്‍ഷനിലായ പേട്ട സി ഐ റിയാസ് രാജയ്ക്കു പകരം എസ് എസ് സുരേഷ് ബാബുവിനെയും നിയമിച്ചു.
ഐജിമാര്‍, ഡിഐജിമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയാറാക്കേണ്ടത്.