രാജ്യം 74–ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ; രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി∙ വർണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയാണ് മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്ത് രാഷ്ട്രത്തലവൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.

കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും എൻഎസ്എസ്, എൻസിസി വിഭാഗങ്ങളും കർത്തവ്യപഥിലൂടെയുള്ള പരേഡിൽ അണിനിരക്കും. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളാണ് ഇക്കുറി പരേഡിൽ അണിനിരക്കുന്നത്. വന്ദേഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത–നൃത്ത വിരുന്നും പരേഡിന്റെ ഭാഗമാകും. ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതലത്തിൽ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. മൂന്നു സേനകളുടെയും വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റാണ് മറ്റൊരു പ്രധാന ആകർഷണം. ഇത്തവണ ഒൻപതു റഫാൽ യുദ്ധവിമാനങ്ങൾ ഫ്ലൈപാസ്റ്റിന്റെ ഭാഗമാകും.

സെന്‍ട്രല്‍ വിസ്ത, കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം എന്നിവയുടെ നിര്‍മാണത്തൊഴിലാളികള്‍, പാല്‍, പച്ചക്കറി, പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് പരേഡ് വീക്ഷിക്കാന്‍ ക്ഷണമുണ്ട്. കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾ നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഈ പാതയിൽ 150 ലേറെ സിസിടിവി കാമറകളും ക്രമീകരിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക. റിപ്പബ്ലിക് ദിനാഘേഷത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തും.