അവസാന ഗ്രാൻഡ് സ്ലാം; ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു ശേഷം കണ്ണീരണിഞ്ഞ് സാനിയ

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റുപുറത്തായതിനു പിന്നാലെ കണ്ണീരണിഞ്ഞ് സാനിയർ മിർസ. തൻ്റെ അവസാന ഗ്രാൻഡ് സ്ലാമിനിറങ്ങിയ സാനിയ കോർട്ടിനോട് വികാരഭരിതയായാണ് വിടപറഞ്ഞത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് സാനിയ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ചത്.“മെൽബണിലാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഗ്രാൻഡ് സ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിനെക്കാൾ നല്ല മറ്റൊരു വേദിയില്ല. റോഡ് ലവർ അരീന വളരെ പ്രത്യേകത ഉള്ളതാണ്. എൻ്റെ മകനു മുന്നിൽ വച്ച് ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.”- സാനിയ പറഞ്ഞു.സാനിയയുടെ കരിയറിലെ 11ആമത് ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു സാനിയ. 6 ഗ്രാൻഡ് സ്ലാമുകൾ ഉൾപ്പെടെ 43 ഡബിൾസ് കിരീടങ്ങൾ നേടിയ സനിയ വനിതാ ഡബിൾസ് വിഭാഗത്തിൽ 91 ആഴ്ച ഒന്നാം റാങ്ക് നിലനിർത്തിയിരുന്നു.

ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മാറ്റോസ് ജോഡിയാണ് കലാശപ്പോരിൽ ഇന്ത്യൻ സംഘത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രസീൽ സഖ്യത്തിൻ്റെ വിജയം. സ്കോർ. 7-6(7-2), 6-2.

അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.

2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.