വിപണി മൂലധനത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം, ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് അദാനി

ന്യൂഡൽഹി: ഹിൻഡൻബർ​ഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് അദാനിക്ക് നഷ്ടം വന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ തോതിൽ ഇടിവ് നേരിടുകയാണ്.ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിൽ നിന്നും അദാനി പുറത്തായി.97.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് നിവലിൽ അദാനിയുടെ സ്ഥാനം.ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരായി ഹിന്‍ഡന്‍ബര്‍ഗ്ഗാണ് പുറത്ത് വിട്ടത്.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞു.

2017 ൽ ആണ് ഹിൻഡൻബർഗ് ആരംഭിച്ചത്.കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ ആണ് സ്ഥാപകൻ.ഒരു കമ്പനിയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര തെറ്റുകൾ കണ്ടെത്തിയതിന് ശേഷം ഇവ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് ഹിൻഡൻബർഗിന്റെ രീതി. “മനുഷ്യനിർമ്മിത ദുരന്തങ്ങൾ”ക്കായി തിരയുന്നതാണ് ലക്ഷ്യമെന്ന് ഹിൻഡൻബർഗ് തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ എന്നിവയാണ് മനുഷ്യനിർമ്മിത ദുരന്തങ്ങളായി ഹിൻഡൻബർഗ് കണക്കാക്കുന്നത്.ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്.1937-ൽ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമർന്ന ഹിൻഡൻബർഗ് എയർഷിപ്പ് ദുരന്തത്തിന്റെ പേരാണ് കമ്പനിക്കായി സംരംഭകർ കണ്ടെത്തിയത്.

അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗ് നടത്തുന്നതെന്ന് അദാനി ​ഗ്രൂപ്പ് ആരോപിക്കുന്നു.റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങുകയാണ്.