മൂന്നാർ ∙ ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസ്സുകാരൻ 16 വയസ്സുകാരിയെ വിവാഹം കഴിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് ഒരാഴ്ച മുൻപ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി.എന്നാൽ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. സംഭവം സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.