പരമ്പരാഗത ശൈലി മറികടന്ന് മത പ്രസംഗത്തെ ജനകീയമാക്കിയ പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

ആലപ്പുഴ: കേരളത്തിലെ ഇസ്ലാമിക മതപ്രഭാഷണത്തെ പരമ്പരാഗത ശൈലിയിൽനിന്നും വഴിതിരിച്ചുവിട്ട പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു. 94 വയസായിരുന്നു. സ്വദേശമായ ഹരിപ്പാടിനടുത്ത പല്ലന പാനൂരിലെ വീട്ടിലായിരുന്നു അന്ത്യം.ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളിലൂടെ അദ്ദേഹം മതവും മനുഷ്യനും തമ്മിലുള്ള സമവാക്യത്തിലേക്ക് മതപ്രഭാഷണ രംഗത്ത് പുതിയൊരു വാതിൽ തുറന്നു.

ഖുര്‍ആനെയും ഇസ്ലാമിക ജീവിതചര്യയെയും കുറിച്ച് എല്ലാ മതത്തിൽ പെട്ടവരും മനസ്സിലാക്കണമെന്നും ഒപ്പം മറ്റു മതങ്ങളുടെ നന്മയെ കുറിച്ച് ഇസ്ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി മതപ്രബോധന സദസുകളെ അദ്ദേഹം സാംസ്‌കാരിക സദസുകളാക്കി മാറ്റി.

മതപ്രഭാഷണം പരമ്പരാഗതഘടനയിലും ശൈലിയിലും കടന്നുപോയിരുന്ന കാലത്ത്  യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ മത പ്രഭാഷണങ്ങളിൽ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരുന്ന കാലത്താണ് വൈലിത്തറ ഈ രംഗത്തേക്ക് വരുന്നത്.മലബാറിലെ ക്ഷണിക്കപ്പെട്ട സദസ്സിൽ പരമ്പരാഗത ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ സ്വീകാര്യത ലഭിച്ചു.വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു മലബാറിലെ ആദ്യവേദി.

കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിൽ ഏഴു ദിവസത്തേക്ക് തീരുമാനിച്ച പ്രഭാഷണപരമ്പര 17 ദിവസം നീണ്ടത് അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയുടെ സ്വീകാര്യതയായിരുന്നു. കേരളത്തിലെ എല്ലാ മതസംഘടനകൾക്കും സ്വീകാര്യനായ വ്യക്തിത്വവുമായിരുന്നു വൈലിത്തറയുടേത്.പാണക്കാട് പിഎസ്എംഎ പൂക്കോയ തങ്ങൾ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയവരുമായി ആത്മബന്ധം നിലനിർത്തിയിരുന്നു.

ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിൽ പതിനെട്ടാം വയസിൽ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷിക സാംസ്‌കാരിക സമ്മേളനവേദിയിലായിരുന്നു ആദ്യ പ്രഭാഷണം. ആര്യഭട്ട സ്വാമിയുടെ അഭിനന്ദനത്തിനു പാത്രമായ വൈലിത്തറ പിന്നീട് തെക്കൻ കേരളത്തിലെ വേദികളിലെ സ്ഥിരം ക്ഷണിതാവായി.നിരവധി ക്ഷേത്രങ്ങളുടെ സാംസ്കാരിക വേദികളിലും വയലിത്തറയുടെ പ്രഭാഷണം സ്ഥിരമായി.

ഭഗവത് ഗീതയും ഉപനിഷത്തുകളും പരാമര്‍ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ ഉദ്ധരിച്ചും മതത്തിന്റെ പതിവുരീതികൾക്കപ്പുറത്തേക്ക് തുറക്കുന്ന വിശാലമായ ജാലകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും.