കനകക്കുന്നിനു സമീപം യുവതിക്കു നേരെ ആക്രമണം; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗസംഘം

തിരുവനന്തപുരം ∙ രാത്രി കനകക്കുന്നിലെ സാഹിത്യോത്സവം കണ്ട് മടങ്ങിയ യുവതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. തൃശൂർ സ്വദേശിയായ അധ്യാപികയാണ് വെള്ളിയാഴ്ച രാത്രി 11.45 ന് ആക്രമിക്കപ്പെട്ടത്.

പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറും ഫുട്ബോൾ മത്സരം കണ്ടു മടങ്ങിയ വിദ്യാർഥിനിയും കനകക്കുന്നിനു സമീപം വച്ച് ആക്രമിക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. നിശാഗന്ധി ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ കനകനഗർ ഗേറ്റിനു സമീപത്താണ് അധ്യാപിക ആക്രമണത്തിനിരയാകുന്നത്.

മ്യൂസിയം പൊലീസ് സ്റ്റേഷനു വിളിപ്പാടകലയാണിത്. കനകക്കുന്നിന്റെ പിന്നിലെ ഗേറ്റു വഴി തമ്പാനൂരൂലെ താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന മറ്റു 2 പേർ അൽപം മുന്നിലായാണു നടന്നത്. ഇതേസമയം എതിർദിശയിൽ നിന്ന് ബൈക്കിലെത്തിയ സംഘത്തിൽ പിന്നിൽ ഇരുന്ന ആൾ യുവതിയുടെ മുഖത്തും കഴുത്തിലും അടിച്ചു.

വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു വന്ന സംഘം വെളിച്ചമില്ലാത്ത സ്ഥലത്തു വച്ചാണ് ആക്രമണം നടത്തിയത്. കൂടെയുണ്ടായിരുന്നവർ ഓടിയെത്തുമ്പോഴേക്ക് അക്രമികൾ കടന്നുകളഞ്ഞു.

വിവരം ഉടൻ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.