മെച്ചപ്പെട്ട ചികിത്സയാണു ലഭിക്കുന്നത്,ആശങ്ക വേണ്ട.ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ഉമ്മന്‍ ചാണ്ടി നേരിട്ടെത്തി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ആശങ്ക വേണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അടുത്ത റിവ്യൂവിനായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബം. അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ ചില വാര്‍ത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നതിനുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്‍റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്‍ ചാണ്ടി ഉമ്മന്‍റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
.