അസം: പതിനാലുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തുടർച്ചയായ രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ലഹോവാളിലാണ് സംഭവം നടന്നത്.ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.സംഭവത്തിൽ പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി മൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.കടയിൽ സാധനങ്ങൾ വാങ്ങാനായി പോയ പെൺകുട്ടിയെ കാണാതായതോടെ കുടുംബവും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ നാലാം തീയതി വൈകിട്ടോടെ തേയിലത്തോട്ടത്തിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രദേശവാസിയായ ഭൈജാൻ അലി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബെബേജിയയിലെ തേയിലത്തോട്ടത്തിൽ എത്തിച്ചതാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തുടർച്ചയായ രണ്ട് ദിവസമാണ് തന്റെ മകളെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശവാസിയായ ഭൈജാൻ അലിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികളായ ബൈജൻ അലി, സഫർ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ദിബ്രുഗഡ് എസ് പി ശ്വേതാങ്ക് മിശ്ര വ്യക്തമാക്കി.