നാഗ്‌പൂർ : ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ.ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറി 171 പന്തുകളിൽനിന്ന് രോഹിത് ശർമ സ്വന്തമാക്കി.
ആദ്യ ദിവസം 20 റണ്‍സെടുത്ത കെ എൽ രാഹുൽ പുറത്തായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നർ ടോഡ് മർഫിയാണ് ഓസ്ട്രേലിയയ്ക്കായി 4 വിക്കറ്റും വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 177ന് ഇന്ത്യൻ ബൗളർമാർ ഓൾഔട്ടാക്കി. 5 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 47 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തു. ജഡേജയുടെ കരിയറിലെ 11ാം 5 വിക്കറ്റ് നേട്ടമാണിത്. 42 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത അശ്വിനാണ് ഓസീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്.
71 ഓവറുകൾ പിന്നിടുമ്പോൾ 5ന് 202 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയും (181 പന്തിൽ 105), രവീന്ദ്ര ജഡേജയുമാണ് (54പന്തിൽ 22) ക്രീസിൽ. ആർ. അശ്വിൻ (71 പന്തിൽ 20), ചേതേശ്വർ പൂജാര (14 പന്തിൽ ഏഴ്), വിരാട് കോലി (26 പന്തിൽ 12), സൂര്യകുമാർ യാദവ് (20 പന്തിൽ എട്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയിൽ രണ്ടാം ദിനം പുറത്തായത്.