ഗ്ലാസ് ഡോർ ആണെന്നറിയാതെ വേഗത്തിൽ കടയിലേക്ക്; തലയിടിച്ച് മരണം

തൃശൂർ ∙ ചാവക്കാട് മണത്തലയിൽ കടയുടെ ചില്ലുവാതിലിൽ തലിയിടിച്ച് തെറിച്ചുവീണ മുതിർന്ന പൗരൻ മരിച്ചു. മണത്തല സ്വദേശിയായ ഉസ്മാൻ ഹാജി(84) ആണ് മരിച്ചത്. നാവികസേനയിലെ റിട്ട. ഉദ്യോഗസ്ഥനും പ്രവാസി മലയാളിയുമാണ്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. ഗ്ലാസ് ഡോർ ആണെന്ന് അറിയാതെ വേഗത്തിൽ കടയിലേക്കു കയറി.

തലയിടിച്ച ഉടനെ തെറിച്ച് മലർന്നടിച്ചു വീഴുകയായിരുന്നു. തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു. ഉടനെ, ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഗ്ലാസ് ഡോർ ആണെന്ന് തിരിച്ചറിയാൻ കഴിയാതെ വേഗത്തിൽ അകത്തേക്കു കടന്നതായിരുന്നു ദാരുണമായ അപകടത്തിനു കാരണം.