തിരുവനന്തപുരം ∙ സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ.എ.റഹിം എംപി. നരേന്ദ്ര മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നു റഹിം പറഞ്ഞു. ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിൽനിന്ന് വന്നിട്ടുള്ളത്. അയോധ്യ കേസിലെ വിധിയും മനുസ്മൃതിയെ കുറിച്ചുള്ള ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിന്റെ പരാമർശങ്ങളും റഹിം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയിൽനിന്നും ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നേയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രപ്രദേശ് ഗവർണറായി നിയമിച്ചു. അയോധ്യ കേസിൽ അന്തിമവിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹം എന്നോർക്കണം. 2021 ഡിസംബർ 26നു ഹൈദരാബാദിൽ നടന്ന അഖില ഭാരതീയ അധിവക്ത പരിഷത്ത് നാഷനൽ കൗൺസിൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാർ അഭിഭാഷക സംഘടനയാണിത്. അവിടുത്തെ പ്രസംഗത്തിൽ, “ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന്” അഭിപ്രായപ്പെട്ട ആളാണ് അബ്ദുൽ നസീർ.ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് ഗവർണർ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല കേന്ദ്രസർക്കാർ നീക്കം. ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടു കൂടാ. മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.