അങ്കാറ∙ തുർക്കിയിലും സിറിയയും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം 34,000 കടന്നു. ഭൂചലനമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇന്നലെയും ഏതാനും പേരെ ജീവനോടെ പുറത്തെടുക്കാനായി.
അതേസമയം, തുർക്കിയിൽ ഭൂകമ്പത്തില്‍ നാശനഷ്ടം വര്‍ധിക്കാന്‍ കാരണം കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ അപാകതയാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കോണ്‍ട്രാക്റ്റര്‍മാര്‍ക്കെതിരെ നിയമനടപടി തുടങ്ങി. ഭൂകമ്പ സാധ്യതാ മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് സമീപകാലത്ത് പല കെട്ടിടങ്ങളും നിര്‍മിച്ചത്.ഈ സാഹചര്യത്തില്‍ കോണ്‍ട്രാക്റ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി തുടങ്ങിയത്. 113 അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 12 പേരെ അറസ്റ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനം വൈകിയതിന്റെ പേരില്‍ തുർക്കി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് മറികടക്കാനാണ് ഇപ്പോഴത്തെ നടപടിയെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, രാജ്യത്ത് പലയിടത്തും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇതേത്തുടര്‍ന്ന് ജര്‍മനിയിലെയും ഓസ്ട്രിയയിലെയും രക്ഷാപ്രവര്‍ത്തകര്‍ ദൗത്യം നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചു. ഓസ്ട്രേലിയന്‍ സംഘം കഴിഞ്ഞ ദിവസം സമാന കാരണം പറഞ്ഞ് രക്ഷാദൗത്യം നിര്‍ത്തിയിരുന്നു.