ബ്യൂണസ് അയേഴ്സ് : പ്രസവം അടുക്കുമ്പോൾ മാത്രം എന്തിനാണ് റഷ്യൻ ഗർഭിണികൾ വിനോദസഞ്ചാരത്തിനെന്ന പേരിൽ അർജന്റീനയിലേക്ക് എത്തുന്നത്. ജനിക്കുന്ന കുട്ടികൾക്ക് അർജന്റീനയുടെ പൗരത്വം വേണം. ഇതിനായി റഷ്യക്കാരായ ഗർഭിണികൾ അർജന്റീനയിലേക്ക് എത്തുന്നു.കഴിഞ്ഞ മാസങ്ങളിലായി റഷ്യക്കാരായ അയ്യായിരത്തിൽ അധികം ഗർഭിണികളാണ് അർജന്റീനയിലേക്ക് എത്തിയത്. വിനോദസഞ്ചാരത്തിനെന്ന പേരിലാണ് ഇവർ റഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് വരുന്നത്.ഈ വിനോദസഞ്ചാരികളുടെ വരവിനെ അർജന്റീന തെല്ല് ആശങ്കയോടെയാണ് കണുന്നത്.
അർജന്റീനയിൽ പ്രസവിച്ചാൽ ജനിക്കുന്ന കുഞ്ഞിന് അർജന്റീനയുടെ പൗരത്വം ലഭിക്കും. അർജന്റീനയിലെ പൗരത്വമുള്ളവർക്ക് ലഭിക്കുന്ന പാസ്പോർട്ട് ഉപയോഗിച്ച് 171 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ സഞ്ചരിക്കാം .കുട്ടികൾക്ക് പൗരത്വമുള്ളതിനാൽ തന്നെ മാതാപിതാക്കൾക്കും വളരെ വേഗം അർജന്റീനയിൽ പൗരത്വത്തിന് അപേക്ഷ നൽകാം. റഷ്യൻ പാസ്പോർട്ട് ഉപയോഗിച്ച് 87 രാജ്യങ്ങളിലേക്കേ സഞ്ചരിക്കാൻ സാധിക്കു.കൂടാതെ യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ളവർക്ക് പലതരം വിലക്കുകളാണ് രാജ്യാന്തര സമൂഹം ഏർപ്പെടുത്തിയത്.
യുക്രൈനുമായുള്ള യുദ്ധം കൂടുതൽ ശക്തമായാൽ അത് തങ്ങളുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും യുദ്ധം മൂലം റഷ്യയിൽ ആരോഗ്യമേഖലയ്ക്ക് വേണ്ടി സർക്കാർ മാറ്റിവച്ചിട്ടുള്ള വിഹിതം കുറഞ്ഞെന്നും ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യമില്ലെന്നും ഈ അമ്മമാർ കരുതുന്നു.റഷ്യയിലെ ചില വെബ് സൈറ്റുകളിൽ ‘ഗർഭ ടൂറിസം’ എന്ന പേരിൽ പാക്കേജുകൾ വരെ ലഭ്യമാക്കിയിട്ടുണ്ട്. അയ്യായിരം ഡോളർ നൽകിയാൽ അർജന്റീനയിലേക്കുള്ള യാത്ര, പിന്നെ അവിടെയുള്ള താമസം, മികച്ചൊരു ആശുപത്രിയിൽ പ്രസവം എന്നിവയാണ് ചില സൈറ്റുകളിലെ പരസ്യത്തിന്റെ ഉള്ളടക്കം. 15,000 ഡോളറിന്റെ പാക്കേജാണെങ്കിൽ എയർപോർട്ടിൽ നിന്നുള്ള പിക്ക് അപ്പ്, മുന്തിയ ഹോട്ടലിൽ താമസം തുടങ്ങി സ്പാനിഷ് ഭാഷയിലെ പരിശീലനം വരെ ലഭിക്കും. കുടിയേറ്റത്തിന് വേണ്ട മറ്റ് സേവനങ്ങൾ ഇവർ പിന്നീട് ചെയ്തു നൽകുകയും ചെയ്യും.