നാലു വയസ്സുള്ള കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ നിയന്ത്രണത്തിനിടെ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തത്.

കോട്ടയം സ്വദേശി ശരത്തിന്‍റെ നാല് വയസ് പ്രായമുള്ള കുഞ്ഞിന് ശക്തമായ പനിയായിരുന്നു . ഞായറാഴ്ച മിക്കവാറും കടകൾ തുറക്കാത്തതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ ഫാർമസി കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ പൊലീസ് ഇതിന് അനുവദിച്ചില്ല.
പൊലീസ് ഉദ്യോഗസ്ഥന്‍റെ നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ ദൂരം പോയി നോക്കിയിട്ടും കടയൊന്നും കാണാത്തതിനാൽ തിരിച്ചെത്തി ഇതേ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ ശ്രമിക്കുമ്പോൾ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു.പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് അന്വേഷണ ചുമതലയുള്ള ഈ സംഭവത്തില്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.