കണ്ണൂർ : ഫേസ്ബുക്കിലൂടെ ആകാശ് തില്ലങ്കേരി തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന ഡിവൈഎഫ്ഐ പ്രവർത്തകയും മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അനൂപിന്റെ ഭാര്യയുമായ ശ്രീലക്ഷ്മി നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതികളായ ആകാശ് തില്ലങ്കേരിയ്ക്കും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചു.സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ പിടിയിലായ ജിജോ തില്ലങ്കേരി,ജയപ്രകാശ് തില്ലങ്കേരി,നേരിട്ട് കോടതിയിൽ ഹാജരായ ആകാശ് തില്ലങ്കേരി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും പല ആഹ്വാനങ്ങളും നൽകും എന്നാൽ കേസ് വരുമ്പോൾ തിരിഞ്ഞു നോക്കില്ലെന്നും പാര്‍ട്ടിക്കുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന സൂചന നൽകി കൊണ്ടുമുള്ള ഫേസ്ബുക്ക് കമന്റിലൂടെ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു.
ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു.ഷുഹൈബിനെ കൊല്ലാൻ പാർട്ടി ആഹ്വാനം ചെയ്തിട്ടില്ല. ക്രിമിനൽ സംഘത്തിൽ പെടുന്ന ആകാശ് അല്ല ഇത് പറയേണ്ടത്. ഏത് വിഷയവും കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അറിയാം.തികച്ചും പ്രാദേശികമായ വിഷയമാണ്. അതിനോട് സി.പി.എമ്മിന് പ്രതികരിക്കേണ്ട കാര്യമില്ല. സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടുമെന്നും ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹ മാധ്യമത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ് പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന തരത്തിൽ ആകാശ് തില്ലങ്കേരി പോസ്റ്റിട്ടത്.ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും ആകാശ് തില്ലങ്കേരിയ്ക്കെതിരെ മട്ടന്നൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.